ഇംഗ്ലീഷ് ബിരുദത്തിന് ശേഷം

 



ഇംഗ്ലീഷിൽ ഡിഗ്രി നേടിയതിന് ശേഷം ബിരുദാന്തരബിരുദ തലത്തിൽ പഠനം തുടരാനാഗ്രഹിക്കുന്നവർക്ക്  കേരളത്തിലെ വിവിധ സർവകലാശാലകൾക്ക് കീഴിൽ അഫിലിയേറ്റ് ചെയ്ത കോളേജുകൾക്ക് പുറമെ ദേശീയ തലത്തിൽ ശ്രദ്ധേയമായ നിരവധി സ്ഥാപനങ്ങൾ അനവധിയുണ്ട്. കേരള കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക് ആൻഡ് ലാംഗ്വേജ് ടെക്‌നോളജി എന്നിവ ശ്രദ്ധേയമായ രണ്ട് പ്രോഗ്രാമുകളാണ്. കൂടാതെ  ആന്ധ്രപ്രദേശ്, ഗുജറാത്ത്, ജമ്മു, കർണാടക, പഞ്ചാബ്, രാജസ്ഥാൻ, സൗത്ത് ബീഹാർ, തമിഴ്നാട് എന്നിവിടങ്ങളിലെ കേന്ദ്ര സർവകലാശാലകളിൽ  ഇംഗ്ലീഷ് അനുബന്ധ വിഷയങ്ങളിൽ ബിരുദാന്തര ബിരുദ പഠനത്തിന് അവസരങ്ങളുണ്ട്. ഭാഷാപഠനത്തിൽ ഏഷ്യയിലെത്തനെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ എം.എ ഇംഗ്ലീഷിന് പുറമെ ലിറ്ററേച്ചർ, കംപാരറ്റീവ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ്, ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് എന്നിവയിൽ ബിരുദാന്തര ബിരുദവും ട്രാൻസ്ലേഷനിൽ പിജി ഡിപ്ലോമ പ്രോഗ്രാമും  പഠിക്കാൻ അവസരമുണ്ട്.. ജവഹർലാൽ നെഹ്‌റു, ജാമിഅ മില്ലിയ ഇസ്ലാമിയ്യ,  ബനാറസ് ഹിന്ദു, അലിഗർ മുസ്ലിം, പോണ്ടിച്ചേരി, ഹൈദ്രാബാദ്,   ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ, ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ, ജാദവ്പൂർ, പ്രസിഡൻസി, ലവ്‌ലി പ്രൊഫഷണൽ  സർവകലാശാലകൾ,  ലയോള കോളേജ് (ചെന്നൈ), ഫർഗുസൺ കോളേജ് (പൂനെ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്  ടെക്‌നോളജി (ട്രിച്ചി) എന്നിവ  ഇംഗ്ലീഷ് ബിരുദാന്തര ബിരുദ പഠനത്തിനാവസരമൊരുക്കുന്ന  മികവുറ്റ സ്ഥാപനങ്ങളിൽ ചിലതാണ്. 


ബിരുദ, ബിരുദാനന്തര, ഗവേഷണ  പഠനങ്ങൾക്ക് ശേഷം മറ്റു യോഗ്യതകൾ നേടുന്നതോടെ ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി, കോളേജ്, സർവകലാശാലകളിൽ  അധ്യാപകരായി പ്രവർത്തിക്കാം എന്നത് വലിയൊരു സാധ്യതയാണ്. അതിന് പുറമെ ഇംഗ്ളീഷ് ബിരുദധാരികൾക്ക് മുന്നിൽ മറ്റു  അവസരങ്ങളുമുണ്ട്. ബിരുദത്തോടൊപ്പമോ പഠനശേഷമോ അനുയോജ്യമായ പരിശീലനം നേടുന്നത് വഴി പരിഭാഷകർ, ദ്വിഭാഷികൾ, ഭാഷാ എഡിറ്റർമാർ, സാങ്കേതിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ടെക്നിക്കൽ റൈറ്റർമാർ, പരസ്യ മാർക്കറ്റിംഗ് മേഖലയിലെ കോപ്പി റൈറ്റർമാർ, വെബ്സൈറ്റുകളുടെ ഉള്ളടക്കം തയ്യാറാക്കുകയും എഡിറ്റിങ്ങ് നടത്തുകയും ചെയ്യുന്ന കണ്ടന്റ് റൈറ്റർമാർ, നിഘണ്ടുകൾ തയ്യാറാക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്ന ലെക്സിക്കോഗ്രാഫർ,   പുസ്തക പ്രസാധനം, മെഡിക്കൽ കോഡിങ്, ഡിജിറ്റൽ മാർക്കറ്റിങ് എന്നീ തസ്തികളിൽ/ മേഖലകളിൽ ജോലി നേടാനാവസരമുണ്ട്. കൂടാതെ യോഗ്യതക്കൊപ്പം അനുയോജ്യമായ ശേഷി കൂടി പ്രകടിപ്പിക്കാനായാൽ ആശയ വിനിമയ/ സോഫ്റ്റ് സ്കിൽ പരിശീലകർ, പ്രൂഫ് റീഡർ,  വിവിധ പരീക്ഷ പരിശീലകർ, എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ അവസരങ്ങളുണ്ട്. വിദേശരാഷ്ട്രങ്ങളിൽ പഠന/തൊഴിൽ മേഖലകളിലെത്താൻ ആഗ്രഹിക്കുന്നവർ കടക്കേണ്ട കടമ്പകൾ  ആയ IELTS, TOEFL, OET, PTE, CAE, CPE തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം പരിശീലനം നൽകുകയെന്നത് ഇപ്പോൾ സാധ്യതകൾ വർദ്ധിച്ച മേഖലയാണ്. ഇംഗ്ലീഷ് രണ്ടാം ഭാഷയായി പഠിക്കുന്ന കുട്ടികളെ പരിശീലിപ്പിക്കാൻ കഴിവും യോഗ്യതയുമുള്ള പരിശീലകരെ ലോകമെമ്പാടും ആവശ്യം വരുന്ന സാഹചര്യമാണ് വരാനിരിക്കുന്നത് എന്നാണ്  യുനെസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കാക്കിയിട്ടുള്ളത്. കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് പോലെയുള്ള സ്ഥാപങ്ങളിൽ ഇതിനായുള്ള പരിശീലനം ലഭിക്കും.


സംസാര ഭാഷയിൽ പാടവം നേടുന്നവർക്ക് ബി.പി.ഓ മേഖലയിൽ കഴിവ് തെളിയിക്കാം. പ്രൊഫഷണൽ ലാംഗ്വേജ് എഡിറ്റിംഗ് മേഖലയിൽ പ്രാവീണ്യമുള്ളവർക്ക് വീട്ടിലിരുന്ന് കാശ് വാരാൻ അവസരമുണ്ടിപ്പോൾ. മികവുറ്റ സേവനം നൽകാൻ സാധിക്കുന്നവരെ അന്താരാഷ്ട്ര ജേർണലുകളിലടക്കം പ്രസിദ്ധീകരിക്കാനുള്ള  പ്രബന്ധങ്ങളുമായി ഗവേഷകർ   തേടിയെത്തും., അഡ്വെർടൈസിങ്ങ്, ജേർണലിസം, മാസ്സ് കമ്യൂണിക്കേഷൻ, നിയമം, മാനേജ്‌മെന്റ്, ലൈബ്രറി സയൻസ്, സോഷ്യൽ വർക്ക്, സോഷ്യോളജി, വിമൺ സ്റ്റഡീസ്, ഹോസ്പിറ്റാലിറ്റി, ടൂറിസം, സൗത്ത് ഏഷ്യൻ സ്റ്റഡീസ് തുടങ്ങിയ മേഖലകളിലും   ഉപരിപഠന സാധ്യതകൾ കണ്ടെത്താം. പൊതുവിജ്ഞാനത്തിലും മറ്റു ആനുകാലിക വിവരങ്ങളിലും  അറിവുമുള്ളവർക്ക് സിവിൽ സർവീസ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ, കേരള പി.എസ്.സി നടത്തുന്ന വിവിധ പരീക്ഷകൾ  എന്നിവ വഴി സർക്കാർ സർവീസിലും ജോലിക്ക് ശ്രമിക്കാവുന്നതാണ്. താല്പര്യമെങ്കിൽ വിദേശപഠന സാധ്യതകളും പരിഗണിക്കാവുന്നതാണ്.


✍️പി.ടി ഫിറോസ്

Post a Comment

0 Comments