ഹുമാനിറ്റീസ് പഠിച്ചാലുള്ള സാധ്യതകൾ

Humanities career after plus two


ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ ഉപരി പഠനത്തിനായി തിരഞ്ഞെടുത്താല്‍ മാത്രമേ ശോഭനമായൊരു കരിയറിലേക്കെത്തിപ്പെടുവാന്‍ കഴിയുകയുള്ളുവെന്നാണ് പലരുടേയും ചിന്ത. ആയതിനാല്‍ത്തന്നെ ഉപരിപഠനത്തിനായി പലരും മാനവിക വിഷയങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ മടി കാണിക്കുന്നുണ്ട്. എന്നാല്‍ മാനവിക വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്കും നിരവധി അവസരങ്ങള്‍ ഉണ്ടുവെന്ന സത്യം പലരും മനസ്സിലാക്കുന്നില്ല. എന്നാല്‍ കോഴ്സിനേക്കാളുപരി എടുക്കുന്ന വിഷയത്തില്‍ ആഴത്തിലുള്ള അറിവും അത് തൊഴില്‍ ദാദാവിന്‍റെ മുന്‍പില്‍ അവതരിപ്പിക്കുവാനുള്ള കഴിവും ആകര്‍ഷകമായ വ്യക്തിത്വവുമാണ് നമ്മുടെ വിധി നിര്‍ണ്ണയിക്കുന്നതെന്ന സത്യം പലരും തിരിച്ചറിയാറില്ല. ഓരോ കരിയറിന്‍റേയും സാധ്യതകളും പരിമിതികളും വ്യക്തമായി മനസ്സിലാക്കി അവരവര്‍ക്ക് അത് ചേരുമോയെന്ന് തിരിച്ചറിഞ്ഞ് വ്യക്തമായ ലക്ഷ്യം നിര്‍ണ്ണയിച്ച് മുന്നേറിയാല്‍ നമുക്ക് വിജയിക്കുവാന്‍ കഴിയും. കോഴ്സ് മോശമായത് കൊണ്ടല്ല നമുക്ക് ജോലി കിട്ടാത്തതെന്നും മറിച്ച് നാം ആ പ്രത്യേക കോഴ്സിന് ചേരുന്നവരല്ലാത്തതാണെന്നുമുള്ള തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്. 


എങ്ങോട്ട് തിരിയാം?


മാനവിക വിഷയങ്ങള്‍ തിരഞ്ഞെടുത്തവര്‍ക്ക് മുന്‍പില്‍ അനവധി അവസരങ്ങളുണ്ട്. മാനവിക വിഷയങ്ങളില്‍ ഡിഗ്രി എടുത്തവര്‍ക്ക് ഏത് ഡിഗ്രിക്കാര്‍ക്കും പോകുവാന്‍ കഴിയുന്ന എല്ലാ ജോലിക്കും പോകുവാന്‍ കഴിയും. പഞ്ചായത്ത് സെക്രട്ടറി മുതല്‍ ഡെപ്യൂട്ടി കളക്ടര്‍ വരെയാകുവാന്‍ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി മതിയാകുമെന്നറിയുക.


അധ്യാപനം


മാനവിക വിഷയങ്ങളില്‍ ഡിഗ്രി കഴിഞ്ഞ ഒരു വ്യക്തിക്ക് ബി എഡ് കഴിഞ്ഞാല്‍ ഹൈസ്കൂളില്‍ അധ്യാപകരായി ജോലി നോക്കുവാന്‍ കഴിയും. ബിരുദാനന്തര ബിരുദവും ബി എഡും തുടര്‍ന്ന് സെറ്റ് പരീക്ഷയും അല്ലായെങ്കില്‍ എം ഫില്‍ കഴിഞ്ഞാലും ഹയര്‍ സെക്കന്‍ഡറി അധ്യാപകരാവാന്‍ കഴിയും. എത് പ്ലസ് ടു കഴിഞ്ഞവര്‍ക്കും ഡി എഡ് (പഴയ ടി ടി സി) എടുക്കാവുന്നതായതിനാല്‍ അതിനു ശേഷം എല്‍പി, യു പി അധ്യാപകരാകുവാന്‍ കഴിയും. ഇഷ്ടമുള്ള മാനവിക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദത്തിന് ശേഷം നെറ്റ് പാസായാല്‍ കോളേജുകളിലും സര്‍വകലാശാലകളിലും അധ്യാപകരാവാന്‍ കഴിയും.


നിയമ രംഗം


പ്ലസ്ടുവിന് ശേഷം ദേശീയ നിയമ പരീക്ഷയായ ക്ലാറ്റ് എഴുതി 5 വര്‍ഷത്തെ  എല്‍ എല്‍ ബിക്ക് രാജ്യത്തെ 14 ദേശീയ നിയമ സ്കുളുകളില്‍ ചേരാം. അല്ലായെങ്കില്‍ ഡിഗ്രിക്ക് ശേഷം 3 വര്‍ഷത്തെ എല്‍ എല്‍ ബിക്ക് ചേരാം. തുടര്‍ന്ന് അഭിഭാഷക വൃത്തിയിലേക്കോ, ജുഡീഷ്യല്‍ സര്‍വീസിലേക്കോ, ലീഗല്‍ അഡ്വൈസര്‍ തുടങ്ങിയ മറ്റ് രംഗങ്ങളിലേക്കോ മാറുവാന്‍ കഴിയും.


പത്ര പ്രവര്‍ത്തനം


ഏത് ഡിഗ്രിക്കാര്‍ക്കും പഠിക്കാവുന്ന ഒന്നാണിത്. 2 വര്‍ഷത്തെ എം സി ജെ എന്ന പി ജി കോഴ്സിനോ, ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ കോഴ്സിന് ചേര്‍ന്ന് ഈ മേഖലയില്‍ പ്രവേശിക്കാം.


മാനേജ്മെന്‍റ്


മാനവിക വിഷയങ്ങളില്‍ പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഡിഗ്രിക്ക് ശേഷം CAT/CMAT/XAT/MAT തുടങ്ങിയ പ്രവേശന പരീക്ഷകളെഴുതി മാനേജ്മെന്‍റിലേക്ക് കടക്കാം. നിരവധി സ്പെഷ്യലൈസേഷനുകളുള്ളതിനാല്‍ ആകര്‍ഷകമായ ഒരു മേഖലയാണിത്. 


ട്രാവല്‍ ആന്‍ഡ് ടൂറിസം


ആധുനിക കാലഘട്ടത്തില്‍ അത്യാകര്‍ഷകമായ ഒരു തൊഴില്‍ മേഖലയാണിത്. ഈ വിഷയത്തില്‍ ഡിഗ്രി, പി ജി കോഴ്സുകളിന്നുണ്ട്. ഹെല്‍ത്ത് ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം, ഇക്കോ ടൂറിസം, ഫാം ടൂറിസം ഇങ്ങനെ നിരവധി ഉപശാഖകളുണ്ട്. 


ഹോട്ടല്‍ മാനേജ്മെന്‍റ്


പ്ലസ് ടു കഴിഞ്ഞാല്‍ പ്രവേശന പരീക്ഷ വഴി ഇതിന്‍റെ ഡിഗ്രി കോഴ്സിലേക്ക് പ്രവേശിക്കാം. സര്‍ട്ടിഫിക്കറ്റ്, പി ജി ഡിപ്ലോമ കോഴ്സുകളുമുണ്ട്. 


ഫുഡ് ക്രാഫ്റ്റ് കോഴ്സുകൾ


സംസ്ഥാന സര്‍ക്കാരിന്‍റെ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലുള്ള നിരവധി കാറ്ററിങ്ങ്, ഫുഡ് കോഴ്സുകളാണ് മറ്റൊരു വഴി.


ഭാഷാ പഠനം


ഭാഷാ പഠനത്തിനായി അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനനങ്ങളിന്നിന്ത്യയിലുണ്ട്. സാഹിത്യം, വിവര്‍ത്തനം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും.


സാമ്പത്തിക രംഗം


മാറിയ കാലഘട്ടത്തില്‍ സാമ്പത്തിക കോഴ്സുകള്‍ക്കും അതിന്‍റെ ജോലികള്‍ക്കും സാധ്യതയേറെയാണ്. ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ്, കോസ്റ്റ് അക്കൌണ്ടന്‍റ്, ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍റ്, ഇക്കണോമിസ്റ്റ് തുടങ്ങി ആകര്‍ഷകമായ അനവധി പ്രൊഫഷനുകളിലേക്ക് തിരിയാവുന്നതാണ്.


ബാങ്കിങ്ങ്


ബാങ്കിങ്ങ് ആണ് എടുത്ത് പറയേണ്ട മറ്റൊരു മേഖല. ഡിഗ്രി കഴിഞ്ഞ് ബാങ്ക് ജോലികള്‍ക്ക് തിരിയുകയോ പ്ലസ് ടു കഴിഞ്ഞ് ബാങ്കിങ്ങ് സംബന്ധമായ കോഴ്സുകള്‍ക്ക് ചേരുകയോ ചെയ്യാം.


അഡ്വര്‍ടൈസിങ്ങ്


അഡ്വര്‍ടൈസിങ്ങില്‍ ഇന്ന് നിരവധി കോഴ്സുകള്‍ ഉണ്ട്. പരസ്യ ഏജന്‍സികളിലും ടെലിവിഷന്‍ രംഗത്തും ജോലി ചെയ്യുവാന്‍ കഴിയുമെങ്കിലും ടാലന്‍റ് ഇവിടെ പ്രധാനമാണെന്നോര്‍ക്കുക.


സിനിമ/ടെലിവിഷനൻ


നല്ല കലാബോധമുണ്ടുവെങ്കില്‍ ഈ രംഗത്തെ വിവിധ കോഴ്സുകളിലേക്ക് പ്രവേശിക്കാം.


കായിക പഠനം


കായിക പരമായ കഴിവുകളുണ്ടുവെങ്കില്‍ പ്ലസ് ടു കഴിഞ്ഞതിന് ശേഷം ഫിസിക്കല്‍ എഡ്യുക്കേഷന്‍ സംബന്ധമായ കോഴ്സുകള്‍ക്ക് ചേരാവുന്നതാണ്.


ഡിസൈൻ


ഡിസൈന്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഫാഷന്‍ ഡിസൈന്‍ എന്നാണ് ഭൂരിപക്ഷത്തിന്‍റേയും ചിന്ത. എന്നാല്‍ പ്രോഡക്ട് ഡിസൈനും, വാഹന ഡിസൈനും, ഫര്‍ണീച്ചര്‍ ഡിസൈനുമുള്‍പ്പെടെ 25 ന് മുകളില്‍ ഡിസൈന്‍ കോഴ്സുകളുണ്ട്. നല്ല ക്രിയേറ്റിവിറ്റിയുള്ളവര്‍ക്ക് മാത്രം ശോഭിക്കുവാന്‍ കഴിയുന്ന ഈ മേഖലയില്‍ പ്ലസ് ടുവിന് ശേഷമുള്ള കോഴ്സുകളിലൂടെ പ്രവേശിക്കാം. 


ജെമ്മോളജി


രത്നക്കല്ലുകളെക്കുറിച്ചുള്ള പഠന ശാഖയായ ജെമ്മോളജി, ഘടികാരങ്ങളെപ്പറ്റി പഠിക്കുന്ന ഹോറോളജി തുടങ്ങിയവയും ഭേദപ്പെട്ട തൊഴില്‍ സാധ്യതയുള്ള കോഴ്സുകള്‍ തന്നെയാണ്.


ഇന്‍റ്റഗ്രേറ്റഡ് കോഴ്സുകൾ


സാധാരണക്കാര്‍ക്ക് അധികം പരിചിതമല്ലാത്ത ഈ കോഴ്സുകള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ അഭിമാന സ്തംഭങ്ങളായ ഐ ഐ ടികളിലും ഐ ഐ എമ്മുകളിലുമാണുള്ളത്. എം എ, മാനേജ്മെന്‍റ് തുടങ്ങിയവയുണ്ട്.


ഗവേഷണ രംഗം


പി ജിക്ക് ശേഷം ഗവേഷണ മേഖലയിലേക്ക് തിരിഞ്ഞാല്‍ത്തന്നെ നിരവധി അവസരങ്ങളുണ്ട്. രാജ്യത്തിന്‍റെ വിവിധ മന്ത്രാലയങ്ങളുടെ പോളിസി നിര്‍ണ്ണയിക്കുന്നവര്‍ വരെ ആയി മാറുവാനുള്ള അവസരങ്ങളുണ്ട്.


വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകൾ


ഡിഗ്രിക്ക് ശേഷം വിവിധങ്ങളായ കമ്പ്യൂട്ടര്‍ പി ജി ഡിപ്ലോമകള്‍ ചെയ്ത് ഈ രംഗത്ത് നിലയുറപ്പിക്കുവാന്‍ കഴിയും.


സോഷ്യല്‍ സര്‍വീസ്


സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കേണ്ട ഈ രംഗത്തേക്ക് ഡിഗ്രി കഴിഞ്ഞുള്ള കോഴ്സുകളിലൂടെ പ്രവശേിക്കാം.


സിവില്‍ സര്‍വീസ്


ഹ്യുമാനിറ്റിസ് പഠിച്ചവര്‍ക്കും ഡിഗ്രി കഴിഞ്ഞ് സിവില്‍ സര്‍വീസില്‍ ചേരുവാന്‍ കഴിയും. മുന്‍ കൂട്ടിയുള്ള തയ്യാറെടുപ്പുകളാവശ്യമാണ്.


മാനവിക വിഷയങ്ങളിലെ ഡിഗ്രി കോഴ്സുകള്‍ ഇന്നും ആകര്‍ഷകം തന്നെയാണ്. ചരിത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്ര തന്ത്രം തുടങ്ങിയവയില്‍ ഉപരി പഠനം നടത്തി ഉന്നതങ്ങളിലെത്തുവാന്‍ കഴിയും. ആര്‍ക്കിയോളജി, വിദേശ സര്‍വീസ്, സാമ്പത്തിക സര്‍വീസ്, മനശാസ്ത്രജ്ഞന്‍ തുടങ്ങി ആകര്‍ഷകമായ അനവധി പ്രൊഫഷനുകളുണ്ട്.


അറബിക് കോളേജ്കൾ, മതപാഠശാലകൾ, ITI, പോളിടെക്നിക്....പരിധിയില്ലാത്ത മറ്റനേകം ഇടങ്ങൾ ഉണ്ട് etc


ആയതിനാല്‍ തന്നെ അല്‍പ്പം സമയമെടുത്താല്‍ വളരെ ഉന്നതങ്ങളിലെത്തുവാന്‍ കഴിയുന്നയൊന്നു തന്നെയാണ് ഹ്യുമാനിറ്റിസിലെ ഉപരി പഠനം...

Post a Comment

0 Comments