ഒരു അഭിഭാഷകയാകാൻ വേണ്ട യോഗ്യത എൽ.എൽ.ബി ബിരുദമാണ്. ഏത് വിഷയമെടുത്ത് പ്ലസ്ടു പഠിച്ചവർക്കും പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽ.എൽ.ബി കോഴ്സിന് ചേർന്ന് നിയമ ബിരുദമെടുക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമെടുത്ത ശേഷം ത്രിവത്സര എൽ.എൽ.ബി കോഴ്സ് പൂർത്തിയാക്കിയാലും മതി. ബിരുദമെടുത്ത ശേഷം ബാർ കൗൺസിലിൽ എൻറോൾമെന്റ് നടപടികൾ പൂർത്തിയാക്കണം. ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ (AIBE) യോഗ്യത നേടിയ ശേഷം അഭിഭാഷകയായി പ്രാക്ടീസ് ചെയ്യാവുന്നതാണ്.
പ്ലസ്ടു കഴിഞ്ഞവർക്ക് പഠിക്കാവുന്ന നിയമ പഠനവുമായി ബന്ധപ്പെട്ട പഠനാവസരങ്ങളെക്കുറിച്ചും പ്രവേശന പരീക്ഷകളെക്കുറിച്ചും പരിശോധിക്കാം.
കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT)
ദേശീയ നിയമ സർവകലാശാലകളിൽ പഞ്ചവത്സര ബിരുദ പഠനത്തിനുള്ള പ്രവേശന പരീക്ഷയാണ് 'ക്ലാറ്റ്' . 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത. കൊച്ചിയിലെ നുവാൽസ് (NUALS) അടക്കം 22 നിയമ സർവകലാശാലകളിൽ പ്രവേശനം ലഭിക്കാനുള്ള മത്സര പരീക്ഷയാണിത്. നുവാൽസിൽ ബി.എ എൽ.എൽ.ബിയും മറ്റു സർവകലാശാലകളിൽ ബി.എ/ബി.കോം/ബി.ബി.എ/ബി.എസ്.സി/ ബി.എസ്.ഡബ്ല്യു. എൽ.എൽ.ബി (ഓണേഴ്സ്) കോഴ്സുകളും പഠിക്കാവുന്നതാണ്. ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യമാണ് പരീക്ഷ നടത്തുന്നത്. ഐ.ഐ.എം റോത്തക്ക്, നാഷണൽ ഫോറൻസിക് സയൻസ് യൂനിവേഴ്സിറ്റി (ദൽഹി ക്യാമ്പസ്), സേവിയർ ലോ സ്‌കൂൾ ഭുവനേശ്വർ, രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ് ബെംഗ്ലൂരു,മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി നാഗ്പൂർ, ഏഷ്യൻ ലോ കോളേജ് നോയിഡ തുടങ്ങിയ സ്ഥാപനങ്ങളും വിവിധ കോഴ്സുകൾക്ക് ക്ലാറ്റ് സ്‌കോർ പരിഗണിക്കാറുണ്ട്.
വെബ്സൈറ്റ്: consortiumofnlus.ac.in
ഓൾ ഇന്ത്യ ലോ എൻട്രസ് ടെസ്റ്റ് (AILET)
ഡൽഹിയിലെ ദേശീയ നിയമ സർവകലാശാലയിൽ ബി.എ എൽ.എൽ.ബി (ഓണേഴ്സ്) കോഴ്സിനുള്ള പ്രവേശന പരീക്ഷയാണ് 'ഐലറ്റ്'. 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു വാണ് യോഗ്യത.
വെബ്സൈറ്റ്: www.nludelhi.ac.in.
രാജ്യത്തെ വിവിധ സർവകലാശാലകളിൽ വ്യത്യസ്തമായ പ്രവേശന പരീക്ഷകൾ വഴി നിയമ പഠനം നടത്താൻ അവസരങ്ങളുണ്ട്. അലിഗഡ് മുസ്ലിം സർവ്വകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, സൗത്ത് ബിഹാർ സെൻട്രൽ സർവകലാശാല, ഗവൺമെന്റ് ലോ കോളജ് മുംബൈ, ഡോ. ബി.ആർ അംബേദ്കർ ലോ കോളജ് വിശാഖപട്ടണം, ക്രൈസ്റ്റ് സർവകലാശാല, ലവ് ലി പ്രൊഫഷണൽ സർവ്വകലാശാല, ജിൻഡാൽ ലോ സ്‌കൂൾ, സിംബയോസിസ് ലോ സ്‌കൂൾ, ലക്നൗ സർവ്വകലാശാല തുടങ്ങിയവ ഉദാഹരണങ്ങളാണ്. ലോ സ്‌കൂൾ അഡ്മിഷൻ ടെസ്റ്റ് (LSAT) പോലുള്ള പരീക്ഷകൾ വഴി വിദേശ രാജ്യങ്ങളിലെ മികച്ച സർവ്വകലാശാലകളിലും നിയമ പഠനം നടത്താവുന്നതാണ്. (www.lsac.org)
കേരളത്തിലെ നിയമ പഠനാവസരങ്ങൾ
കേരളത്തിൽ നാല് സർക്കാർ ലോ കോളേജുകളിലും (തിരുവനന്തപരും, കോഴിക്കോട്, എറണാകുളം, തൃശൂർ) മറ്റു സ്വകാര്യ ലോ കോളേജുകളിലും കേരള ലോ എൻട്രൻസ് പരീക്ഷ (KLEE) വഴി അഞ്ച് വർഷ എൽ.എൽ.ബി കോഴ്സുകൾക്ക് പ്രവേശനം ലഭിക്കും. 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു വിജയമാണ് പ്രവേശന യോഗ്യത. ബിരുദം കഴിഞ്ഞവർക്ക് ത്രിവത്സര കോഴ്സുകളുമുണ്ട്.
വെബ് സൈറ്റ് :
കൊച്ചി ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അഞ്ചുവർഷ ബി.ബി.എ/ബി.കോം എൽ.എൽ.ബി (ഓണേഴ്സ് ) കോഴ്സുകളുണ്ട്. സർവ്വകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ് ) അടിസ്ഥാനമാക്കിയാണ് പ്രവേശനം.
വെബ്സൈറ്റ്: admissions.cusat.ac.in.
അലിഗഡ് യൂണിവേഴ്സിറ്റിയുടെ മലപ്പുറം കാമ്പസിൽ പഞ്ചവർഷ ബി.എ എൽ.എൽ.ബി പ്രോഗ്രാം ഉണ്ട്. മഹാത്മാ ഗാന്ധി സർവ്വകലാശാലക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് , കണ്ണൂർ സർവ്വകലാശാല സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, കേരള ലോ അക്കാദമി തിരുവനന്തപുരം, കേരളത്തിലെ വിവിധ സ്വാശ്രയ ലോ കോളജുകൾ എന്നിവിടങ്ങളിലും പഠനാവസരങ്ങളുണ്ട്.
കൂടുതൽ കരിയർ വാർത്തകൾ അറിയാൻ👇
https://chat.whatsapp.com/JSSYHbX3WDSIOVsBRhsNyh
🖋️പി.കെ.അൻവർ മുട്ടാഞ്ചേരി
(പുടവ മാസിക - ജൂലൈ
0 Comments