നിയമ പഠനം ഇന്ന് വെറും ഒരു വക്കീൽ പണിക്കു മാത്രം ഉള്ളതല്ല എന്ന വസ്തുത പലർക്കും അറിയില്ല. നിയമവിദഗ്ധർക്ക് ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ മേഖലയിലും വൻ ഡിമാൻഡ് ആണ്. നിയമ പഠനത്തിനായി നമ്മുടെ നാട്ടിൽ കേന്ദ്ര - സംസ്ഥാന തലത്തിൽ അനേകം സ്ഥാപനങ്ങൾ ഉണ്ട്. ഇതിൽ അധികവും പ്രവേശന പരീക്ഷയിലൂടെ ആണ് പ്രവേശനം നടത്തുന്നത്. സംസ്ഥാന ഗവർമെന്റ് നടത്തുന്നതും ദേശീയ തലത്തിൽ നടത്തപെടുന്നതുമായ പ്രവേശന പരീക്ഷകൾ ഉണ്ട്. കൂടാതെ +2/ബിരുദ പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന സ്ഥാപനങ്ങളും ഉണ്ട്. നിയമ പഠനത്തിനയുള്ള പ്രവേശന പരീക്ഷയിൽ പൊതു വിജ്ഞാനം, ജനറൽ ഇംഗ്ലീഷ്, അടിസ്ഥാന ഗണിതം, മാനസിക ശേഷി, നിയമ പഠന അഭിരുചി എന്നീ വിഭാഗങ്ങളിൽ നിന്നുമാണ് ചോദ്യങ്ങൾ ഉണ്ടാവാറുള്ളത്.
💠ഏതെല്ലാം കോഴ്സുകൾ
• 3 വർഷ എൽ എൽ ബി
🔸ഏത് വിഷയത്തിൽ ബിരുദമെടുത്തവർക്കും പ്രവേശനം
• 5 വർഷ ഇന്റഗ്രേറ്റഡ് എൽ എൽ ബി
🔸+2 വിനു ശേഷം നേരിട്ട് പ്രവേശനം
• 2 വർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് ആയ എൽ എൽ എം
🔸 നിയമബിരുദം നേടിയവർക്ക്
• 2 വർഷ എം ബി എൽ ( മാസ്റ്റർ ഇൻ ബിസിനസ് ലോ )
🔸ഏതു ബിരുദധാരികൾക്കും പ്രവേശനം
• പഞ്ചവത്സര കോഴ്സുകൾ ആയ B. Com LLB, BBA LLB, BA LLB
🔸 +2 കാർക്ക് പ്രവേശനം
ഇങ്ങനെ വ്യത്യസ്ത കോഴ്സുകൾ കേരളത്തിലും ദേശീയ തലത്തിലും ലഭ്യമാണ് . കേരളത്തിൽ 4 ഗവണ്മെന്റ് ലോ കോളേജുകളും 18 സ്വാശ്രയ കോളേജുകളും ആണുള്ളത്. ഇതിനു പുറമെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ആയ ന്യൂവാൽസ് ( NUALS - നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്) കൊച്ചിയിൽ ആണ്.
💠 തിരുവനന്തപുരത്തെ ലോ അക്കാദമി യിൽ 3 വർഷ LLB ക്കു പുറമെ 5 വർഷത്തെ ഇന്റഗ്രെറ്റഡ് BA LLB, B. Com LLB കുസാറ്റിൽ BBA LLB, B. COM LLB എന്നീ കോഴ്സുകളും ഉണ്ട്.
💠 നിയമ പഠനം പൂർത്തിയാക്കിയവർക്ക് അഭിഭാഷകവൃത്തി മാത്രമല്ല, ലോകത്താകമാനം പരന്നു കിടക്കുന്ന അനേകം ജോലി സാദ്ധ്യതകൾ കൂടി ഉണ്ട്.
💠 നിയമ പഠനം കൊണ്ട് ലഭിക്കാവുന്ന ആദ്യ ജോലി അഭിഭാഷകജോലി തന്നെയാണ്, എന്നുവെച്ചാൽ കോടതിയിൽ കേസ് വാദിക്കൽ. ഇതിനായി നിങ്ങൾ ബാർ കൗൺസിലിൽ എൻറോൾ ചെയ്തിരിക്കണം. LLB എടുത്ത എല്ലാവരും അഡ്വക്കേറ്റ് ആകില്ല. അതിനായി ലോ ഡിഗ്രി എടുത്ത ശേഷം ബാർ കൌൺസിൽ ഓഫ് ഇന്ത്യയുടെ പരീക്ഷ പാസാകണം. ഇത് പാസായാൽ നിങ്ങൾക്ക് അഡ്വക്കേറ്റ് ആയി രജിസ്റ്റർ നമ്പർ ലഭിക്കും. ഇതിനു ശേഷം നിങ്ങൾക്ക് ജൂനിയർ ആയി പ്രാക്ടീസ് തുടങ്ങാം. നിയമത്തിന്റെ അനേകം ശാഖകളിൽ നിന്ന് നിങ്ങൾക്ക് താല്പര്യമുള്ളത് പ്രാക്ടീസ് ചെയ്യാൻ തിരഞ്ഞെടുക്കാം. എന്നാൽ ഒരു നല്ല അഭിഭാഷകൻ ആവാൻ നിയമ ബിരുദം മാത്രം പോരാ, സാമാന്യ ബുദ്ധി, അപഗ്രഥന ശേഷി, യുക്തിയുക്തമായി ചിന്തിക്കാനുള്ള കഴിവ്, ക്ലോക്കും കലണ്ടറും നോക്കാതെ കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധത, എതിർവാദങ്ങൾ സസൂക്ഷ്മം കേൾക്കാനും മനസ്സിലാക്കാനുമുള്ള സഹിഷ്ണുത, കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുവാൻ കഴിയുന്ന ശക്തമായ ഭാഷാ പ്രാവീണ്യം, നല്ല പദ സമ്പത്ത്, സങ്കീർണമായ നിയമവ്യവസ്ഥകൾ അതിവേഗം കുരുക്കഴിച്ചു അപഗ്രഥിക്കാനുള്ള ഗ്രഹണശേഷി, കക്ഷികളുമായി സൗഹൃദപൂർവ്വം ഇടപെടാനുള്ള കഴിവ്, വസ്തുതകൾ മുൻഗണനാക്രമത്തിൽ അടുക്കാനുള്ള വിവേചനശേഷി, കാര്യങ്ങൾ വാദിച്ചു ബോധ്യപ്പെടുത്താനുള്ള നൈപുണ്യം, ആരെയും മുഷിപ്പിക്കാതെ ഏത് തിക്തമായ കാര്യങ്ങളും പറയാനുള്ള ആത്മവിശ്വാസം, തെളിഞ്ഞ ചിന്ത, വിശാലമായ വായന, എന്നിങ്ങനെ അനേകം ഗുണങ്ങൾ കൂടി വേണം.
💠 അഭിഭാഷകജോലിക്കു പുറമെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും അവസരങ്ങൾ അനവധി ഉണ്ട് . രാഷ്ട്രീയ പാർട്ടികൾക്കു വരെ നിയമോപദേഷ്ടാവ് ആവശ്യമാണ്. കൂടാതെ ഇന്ന് എല്ലാ വലിയ കമ്പനികളും സ്വന്തമായി നിയമ ഉപദേഷ്ടാക്കളെ നിയമിക്കാറുണ്ട്. ഇന്ത്യക്കകത്തോ പുറത്തോ ഉള്ള കമ്പനികളിലോ അന്താരാഷ്ട്ര വ്യാപാര സ്ഥാപനങ്ങളിലോ നിയമ ഉപദേഷ്ടാവ് എന്ന പദവി അലങ്കരിക്കുന്ന ഒരു പാട് ഇന്ത്യക്കാർ ഉണ്ട്.
💠പ്രവൃത്തിപരിചയം, മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുള്ള തൊഴിൽ സാധ്യതകൾ വേർതിരിച്ചിരിക്കുന്നത്. എല്ലാ മേഖലകളിലും എന്ന പോലെ അധ്യാപകജോലി ഇവിടെയും ലഭ്യമാണ്.
💠പിജി കഴിഞ്ഞ് NET യോഗ്യത നേടിയവർക്ക് അധ്യാപന രംഗത്തേക്ക് കടക്കാം. മജിസ്ട്രേറ്റ്, ജഡ്ജ് , പബ്ലിക് പ്രോസിക്യൂട്ടർ , അറ്റോർണി ജനറൽ, നോട്ടറി, ട്രസ്റ്റീ എന്നിങ്ങനെ തുടരുന്ന മറ്റു തൊഴിൽ അവസരങ്ങൾ വേറെയും .
💠 വിദേശ കമ്പനികളുടെ ലീഗൽ ഡിപ്പാർട്ടുമെന്റിൽ പല തരത്തിലുള്ള തസ്തികകൾ നിയമ ബിരുദക്കാർക്കായി മാത്രമുള്ളതാണ്. സംസ്ഥാന ബാർ കൗൺസിലിലെ ജീവനക്കാരും നിയമ ബിരുദധാരികളാണ്.
അവസരങ്ങൾ ധാരാളമായുള്ളതുപോലെ തന്നെ മികവ് തെളിയിക്കുന്നവർ മാത്രം ഉയർന്നു പോകുന്ന വളരെ കോമ്പറ്റിഷൻ ഉള്ള മേഖലയുമാണിത്. അടുത്തത് ജുഡീഷ്യൽ സർവീസ് ആണ്. ഇതിനായി ലോ ഡിഗ്രി എടുത്ത ശേഷം ഏത് സംസ്ഥാനത്തിന്റെ എൻട്രൻസ് ആണ് എഴുതേണ്ടത് എന്ന് തീരുമാനിക്കുക. വെവ്വേറെ സംസ്ഥാനങ്ങൾക്ക് വെവ്വേറെ മാനദണ്ഡങ്ങളും സിലബസും ആണ്. UPSC മോഡൽ പോലെ പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ എന്നിങ്ങനെയാണ് ജുഡീഷ്യറി പരീക്ഷ നടത്തുക. നാമെല്ലാം നിരന്തരം ബന്ധപ്പെടുന്ന മേഖലയാണ് ബാങ്ക്, ലോൺ, ഡോക്യുമെന്റ് രജിസ്ട്രേഷൻ, കമ്പനി രജിസ്ട്രേഷൻ മുതലായവ. ഇവിടങ്ങളിൽ എല്ലാം തന്നെ ഒരു അഭിഭാഷകന്റെ സേവനം നിർബന്ധം ആണ്. ഇന്ന് ബാങ്ക്, ട്രേഡിങ്ങ്, തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളിൽ എല്ലാം ഡോക്യുമെന്റ് വെരിഫിക്കേഷൻ ആവശ്യത്തിലേക്കായി നിയമജ്ഞരുടെ സാന്നിധ്യം അത്യാവശ്യമാണ്.
💠 അടുത്ത മേഖല കോർപ്പറേറ്റ് ലോയർ ആകുക എന്നതാണ്. ഏതെങ്കിലും കമ്പനിയുടെ വക്കീൽ ആയാൽ പിന്നെ അവരുടെ നിയമപരമായ കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയാകും. ഇതിനു പുറമെ നിങ്ങൾക്ക് NGO കളിൽ വക്കീലായി പ്രവർത്തിക്കാം, അവരുടെ പ്രവർത്തനത്തിന്റെ മേഖലയുമായി ബന്ധപെട്ട നിയമോപദേശം നൽകുകയും കേസുകൾ കൈകാര്യം ചെയ്യുകയും ആണ് ചെയ്യേണ്ടത്.
💠 അടുത്തത് ഗവണ്മെന്റ് സർവീസ് ആണ്. പബ്ലിക് പ്രോസിക്യൂട്ടർ ആകാം. കൂടാതെ ഇന്ത്യൻ റെയിൽവേ, LIC തുടങ്ങിയവയിൽ വർഷാവർഷം അനേകം ഒഴിവുകൾ ഉണ്ടാകാറുണ്ട്. ഇതിനെല്ലാം പുറമെ ഇന്ത്യൻ ആർമിയിൽ JAG (Judge Advocate General) ആയി ജോയിൻ ചെയ്യാം. സംസ്ഥാന- ദേശീയ മനുഷ്യാവകാശ കമ്മീഷനുകളിൽ ലോ രജിസ്ട്രാർ പോസ്റ്റുകളും ഉണ്ട്. നിയമ ബിരുദം നേടിയ ശേഷം UPSC തിരഞ്ഞെടുക്കുന്നവരും കുറവല്ല.

0 Comments