പ്രവേശന പരീക്ഷകളുടെ സമയമാണിപ്പോൾ .അപേക്ഷ സമർപ്പിക്കലും പരീക്ഷാ തയ്യാറെടുപ്പുമൊക്കെയായി വിദ്യാർത്ഥികൾ തിരക്കിലാണ് . സയൻസ് മേഖലയിൽ തന്നെ ഉന്നത പഠനം ആഗ്രഹിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരിഗണിക്കാവുന്ന നിരവധി പരീക്ഷകളുണ്ട് . അഭിരുചിയും താൽപര്യവുമൊക്കെ പരിഗണിച്ച് ,ഏറ്റവും അനുയോജ്യമായ കരിയറുകളിലെത്താൻ സഹായിക്കുന്ന പ്രവേശന പരീക്ഷകൾക്കായി കുട്ടികൾ തയ്യാറെടുക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളെ പരിചയപ്പെടുത്തുകയാണിവിടെ. വിശദ വിവരങ്ങൾക്ക് ബന്ധപ്പെട്ട വെബ്സൈറ്റുകൾ സന്ദർശിക്കേണ്ടതാണ് .
നീറ്റ് യു.ജി
ബിരുദതല മെഡിക്കൽ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രൻസ് ടെസ്റ്റ് - അണ്ടര്‍ ഗ്രാജ്വേറ്റ് (NEET UG) .കേരളത്തിൽ മെഡിക്കൽ വിഭാഗത്തിലെ ആറ് പ്രോഗ്രാമുകൾക്കും മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ഏഴ് പ്രോഗ്രാമുകൾക്കും നീറ്റ് സ്കോർ പരിഗണിച്ചാണ് പ്രവേശനം.കൂടാതെ ജിപ്മര്‍ പോണ്ടിച്ചേരിയിലെ ബി.എസ്.സി നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകള്‍, വിവിധ കേന്ദ്ര സ്ഥാപനങ്ങളിലെ ബി.എസ്.സി നഴ്‌സിങ് തുടങ്ങിയവയുടെ പ്രവേശനവും നീറ്റ് പരീക്ഷ വഴിയാണ്. ആംഡ് ഫോഴ്സ് മെഡിക്കൽ സർവ്വീസസ് (AFMS) കോളേജുകളിലെ ബി.എസ്സി നഴ്സിംഗ് പ്രവേശനവും നീറ്റ് സ്റ്റോർ പരിഗണിച്ചാണ് .ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ബി.എസ് (റിസർച്ച്) കോഴ്‌സിൻ്റെ അഡ്മിഷനും നീറ്റ് സ്‌കോര്‍ പരിഗണിക്കാറുണ്ട്. വിദേശസ്ഥാപനങ്ങളിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടണമെങ്കിലും നീറ്റ് യോഗ്യത നേടിയിരിക്കണം .ഈ വർഷത്തെ നീറ്റ് പരീക്ഷ മെയ് 7 നാണ് .
വെബ്‌സൈറ്റ്: neet.nta.nic.in
കേരള എഞ്ചിനീയറിങ്,ഫാർമസി പ്രവേശന പരീക്ഷ.
കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി കേരള എന്‍ട്രൻസ് കമ്മീഷണർ നടത്തുന്ന പരീക്ഷയാണിത്. രണ്ട് പേപ്പറുകളുണ്ട് . ഒന്നാമത്തെ പേപ്പറിലെ മാർക്കാണ് ഫാർമസി റാങ്ക് ലിസ്റ്റിനായി പരിഗണിക്കുന്നത്. മെയ് 17നാണ് പരീക്ഷ .
വെബ്‌സൈറ്റ്: www.cee.kerala.gov.in
ജെ.ഇ.ഇ മെയിൻ
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NIT), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (IIIT) , കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ ( സെൻട്രലി ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് - CFTI) എന്നിവയിലെ വിവിധ എഞ്ചിനീയറിംഗ്, സയന്‍സ്, ആര്‍ക്കിടെക്ചര്‍, പ്ലാനിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജോയിന്റ് എന്‍ട്രസ് എക്‌സാമിനേഷന്‍ (JEE ) മെയിൻ . എന്‍.ഐ.ടി കോഴിക്കോട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവയാണ് കേരളത്തില്‍ ജെ.ഇ.ഇ മെയിൻ വഴി പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങള്‍. ശാസ്ത്ര മേഖലയിലെ മികവുറ്റ സ്ഥാപനമായ ഐ.ഐ.എസ്.സി ബെംഗളൂരു (www.iisc.ac.in) വിലെ പ്രവേശനം, ഇന്ത്യന്‍ നേവല്‍ അക്കാദമി 10+2 (ബി.ടെക്) കേഡറ്റ് എന്‍ട്രി സ്കീം പ്രവേശനം (www.joinindiannavy.gov.in) , ഇന്ത്യൻ ആർമിയിൽ 10+2 ടെക്നിക്കൽ എൻട്രി സ്കീം പ്രവേശനം (www.joinindianarmy.nic.in) എന്നിവക്കും ജെ.ഇ.ഇ മെയിൻ സ്‌കോര്‍ പരിഗണിക്കും. ഈ വർഷത്തെ രണ്ടാം ഘട്ട പരീക്ഷ ഏപ്രിൽ 6 മുതൽ 12 വരെ നടക്കും. മാർച്ച് 12 വരെ അപേക്ഷിക്കാം .
വെബ് സൈറ്റ്: jeemain.nta.nic.in
ജെ.ഇ.ഇ അഡ്വാൻസ്ഡ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) യിലെ എഞ്ചിനീയറിങ്, സയന്‍സ്, ആര്‍ക്കിടെക്ചര്‍ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയാണ് ജോയിൻറ് എൻട്രൻസ് എക്സാമിനേഷൻ (JEE ) അഡ്വാന്‍സ്ഡ്. ജെ.ഇ.ഇ മെയിന്‍ ബി. ഇ / ബി.ടെക് പേപ്പർ അഭിമുഖീകരിച്ച് ഉയർന്ന റാങ്ക് ലഭിക്കുന്ന ഏകദേശം രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹതയുള്ളൂ. ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്ക് പട്ടികയിൽ ഇടം നേടിയ ശേഷം ആര്‍ക്കിടെക്ചര്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (AAT) കൂടി എഴുതി യോഗ്യത നേടേണ്ടതുണ്ട്. രാജ്യത്തെ മികവുറ്റ സ്ഥാപനങ്ങളായ ഐ.ഐ.എസ്.സി ബെംഗളൂരു (www.iisc.ac.in), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം (www.iist.ac.in), ഐസറുകള്‍ (www.iiseradmission.in),ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്റ് എനര്‍ജി, വിശാഖപട്ടണം (iipe.ac.in) തുടങ്ങിയ സ്ഥാപനങ്ങളിലും ജെ.ഇ.ഇ അഡ്വാന്‍സ്ഡ് വഴി പ്രവേശനം ലഭ്യമാണ്. ഇത്തവണ ജൂൺ 4 നാണ് പരീക്ഷ .
വെബ്‌സൈറ്റ്: www.jeeadv.ac.in
നാറ്റ
ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (B Arch) കോഴ്‌സിന് പ്രവേശനം തേടുന്നവര്‍ അഭിമുഖീകരിക്കേണ്ട അഭിരുചി പരീക്ഷയാണ് നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (NATA). കേരളത്തിലെ ബി. ആര്‍ക് പ്രവേശനം, നാറ്റ സ്‌കോറിനും യോഗ്യതാ പരീക്ഷ (പ്ലസ്ടു/ തത്തുല്യം) സ്‌കോറിനും തുല്യ പരിഗണന നല്‍കി, പ്രവേശന പരീക്ഷ കമ്മീഷണര്‍ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ്.
വെബ്‌സൈറ്റ്: www.nata.in
കൊച്ചിൻ യൂനിവേഴ്സിറ്റി സയൻസ് & ടെക്നോളജി കോമൺ അഡ്മിഷൻ ടെസ്റ്റ് (CUSAT CAT)
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിവിധ എഞ്ചിനീയറിംഗ്, ഇന്റഗ്രേറ്റഡ് എം.എസ്.സി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ. ഏപ്രിൽ 29, 30, മെയ് 1 തിയ്യതികളിലാണ് പരീക്ഷ. ഫെബ്രുവരി 26 വരെ അപേക്ഷിക്കാം .
വെബ്‌സൈറ്റ്: admissions.cusat.ac.in
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസ് അഡ്മിഷൻ ടെസ്റ്റ് (BITSAT)
ബിറ്റ്സിൻ്റ പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിൽ വിവിധ ഇൻ്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ ( ബി.ഇ, എം എസ് സി, ബി.ഫാം) പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷ .രണ്ട് സെഷനുകളുണ്ട് .താൽപര്യമുള്ളവർക്ക് രണ്ട് സെഷനുകളും എഴുതാം .ഒന്നാം സെഷൻ മെയ് 22 മുതൽ 26 വരെയും രണ്ടാം സെഷൻ ജൂൺ 18 മുതൽ 22 വരെയുമാണ് .ഒന്നാം സെഷന് ഏപ്രിൽ 9 വരെ അപേക്ഷിക്കാം .
വെബ് സൈറ്റ്: www.bitsadmission.com
നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (NEST )
കേന്ദ്ര സര്‍ക്കാറിന്റെ ആണവോര്‍ജ്ജ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭുവനേശ്വരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (NISER), മുംബൈയിലെ യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ- ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സ് (UM-DAE CEBS) എന്നീ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ.
വൈബ്‌സൈറ്റ് : www.nestexam.in
ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IAT)
ശാസ്ത്ര മേഖലയിലെ മികവുറ്റ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ (ISER) വിവിധ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ.സ്റ്റേറ്റ് ആന്റ് സെന്‍ട്രല്‍ ബോര്‍ഡ് (SCB) ചാനല്‍ വഴി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഈ പരീക്ഷ എഴുതേണ്ടത്. ഐസറിന് ഏഴ് കാമ്പസുകളുണ്ട് .വെബ്‌സൈറ്റ്: www.iiseradmission.in
ഐ.എസ്.ഐ അഡ്മിഷന്‍ ടെസ്റ്റ്
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ISI) കൊല്‍ക്കത്ത കാമ്പസിലുള്ള ബി.സ്റ്റാറ്റ് (ഓണേഴ്‌സ്), ബെംഗളൂരു കാമ്പസിലുള്ള ബി. മാത്ത് (ഓണേഴ്‌സ്) എന്നീ കോഴ്‌സുകൾക്കുള്ള പ്രവേശന പരീക്ഷ. മെയ് 14 നാണ് പരീക്ഷ.
വെബ്‌സൈറ്റ്: www.isical.ac.in
സി.എം.ഐ പ്രവേശന പരീക്ഷ
ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (CMI) നടത്തുന്ന മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് ആന്റ് ഫിസിക്‌സ് എന്നീ ബി.എസ്.സി (ഓണേഴ്‌സ്) പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ. വെബ്‌സൈറ്റ് : www.cmi.ac.in.
കോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- അണ്ടർ ഗ്രാജ്വേറ്റ്.(CUET UG)
ഇന്ത്യയിലെ വിവിധ കേന്ദ്ര സര്‍വകലാശാലകളിലെയും മറ്റ് ചില സർവ്വകലാശാല കളിലെയും ബിരുദ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ. മെയ് 21 മുതൽ 31 വരെയാണ് പരീക്ഷ .മാർച്ച് 12ന് രാത്രി 9 മണി വരെ അപേക്ഷിക്കാം.
വെബ്‌സൈറ്റ്: cuet.samarth.ac.in
ആള്‍ ഇന്ത്യ എന്‍ട്രൻസ് എക്‌സാമിനേഷന്‍ ഫോര്‍ അഡ്മിഷന്‍ - അണ്ടർ ഗ്രാജ്വേറ്റ്.(AIEEA UG)
കാര്‍ഷിക സര്‍വകലാശാലകളില്‍ അഗ്രിക്കള്‍ച്ചര്‍ അനുബന്ധ മേഖലയിലെ വിവിധ ബിരുദ കോഴ്‌സുകൾക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസർച്ച് (ICAR)നടത്തുന്ന പ്രവേശന പരീക്ഷ. ഈ പരീക്ഷ വഴി 15 ശതമാനം അഖിലേന്ത്യ ക്വാട്ട സീറ്റുകളാണ് നികത്തുന്നത്.
ഏപ്രിൽ 26 മുതൽ 29 വരെയാണ് പരീക്ഷ.
വെബ്‌സൈറ്റ്: icar.nta.ac.in, icarexam.net
നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്റ് നേവല്‍ അക്കാദമി (NDA&NA) പരീക്ഷ
ആര്‍മി, നേവി, എയര്‍ഫോഴ്‌സ് വിംഗുകളിലേക്കുള്ള പ്രവേശന പരീക്ഷയായ NDA&NA യില്‍ നേവി, എയര്‍ഫോഴ്‌സ് വിംഗുകളിലേക്ക് സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. (നേവല്‍ അക്കാദമിയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രം)
വെബ്‌സൈറ്റ് :
www.upsc.gov.in
ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (IMU CET)
ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റിയുടെ കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത, വിശാഖ പട്ടണം, നവി മുംബൈ, മുബൈ പോര്‍ട്ട് കാമ്പസുകളിലെ ബി.ടെക് മറൈൻ എഞ്ചിനീയറിംഗ് ,നേവൽ ആർക്കിടെക്ചർ & ഓഷ്യൻ എഞ്ചിനീയറിംഗ് ,ബി.എസ് സി നോട്ടിക്കൽ സയൻസ് ,ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ.
വെബ് സൈറ്റ്: www.imu.edu.in
അണ്ടര്‍ ഗ്രാജ്വേറ്റ് പ്രീ- ഇന്റര്‍വ്യൂ സ്‌ക്രീനിങ് ടെസ്റ്റ് (UPST)
കൊല്‍ക്കത്തയിലെ ജാദവ്പൂരിലുള്ള ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സിൽ (IACS) ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് സയൻസ് - മാസ്‌റ്റർ ഓഫ് സയൻസ് പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷ.
വെബ് സൈറ്റ് : www.iacs.res.in
സിഫ്നെറ്റ് പ്രവേശന പരീക്ഷ
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗ് (CIFNET) കൊച്ചി നടത്തുന്ന ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (നോട്ടിക്കൽ സയൻസ്) പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷ (cifnet.gov.in)
IGRUA പ്രവേശന പരീക്ഷ
അമേത്തിയിലെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാദമിയിലെ കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് (CPL) പരിശീലന പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷ
(igrua.gov.in).
പാരാ മെഡിക്കല്‍ പ്രവേശന പരീക്ഷകൾ
രാജ്യത്തെ വിവിധ പ്രമുഖ സ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ കോഴ്‌സുകളുടെ അഡ്മിഷന്‍ പ്രവേശന പരീക്ഷകള്‍ വഴിയാണ്. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൻ്റെ (AIIMS) വിവിധ കാമ്പസുകളില്‍ ബി.എസ്.സി (ഓണേഴ്‌സ്) നഴ്‌സിംഗ് പ്രോഗ്രാം (www.aiimsexams.ac.in), വിവിധ പാരാമെഡിക്കൽ കോഴ്സുകൾ, ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ (PGIMER) ബി.എസ്.സി നഴ്‌സിങ് (www.pgimer.edu.in) , ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സിലെ (NIMHANS) വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ (nimhans.ac.in), മൈസൂരിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിൽ (AIISH) ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ( BASLP) കോഴ്‌സ് (www.aiishmysore.in), മുംബൈയിലെ അലിയാവര്‍ ജംഗ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജി കോഴ്‌സ് (ayjnihh.nic.in) തുടങ്ങിയവക്ക് പ്രത്യേകം പ്രവേശന പരീക്ഷകളുണ്ട്. ജിപ്മർ പുതുച്ചേരിയിലെ വിവിധ പാരാമെഡിക്കൽ കോഴ്സുകളുടെ പ്രവേശനം മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി വഴിയാണ് (jipmer.edu.in). കേന്ദ്ര സര്‍ക്കാരിന്റെ ഭിന്നശേഷി (ദിവ്യാംഗജന്‍) ശാക്തീകരണ വകുപ്പിന്റെ കീഴിലുള്ള സ്വാമി വിവേകാനന്ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷന്‍ ട്രെയിനിങ് ആന്റ് റിസര്‍ച്ച് (SVNIRTAR) കട്ടക്ക്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടോര്‍ ഡിസെബിലിറ്റീസ് (NILD) കൊല്‍ക്കത്ത, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെൻ്റ് ഓഫ് പഴ്‌സണ്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് (NIEPMD) ചെന്നൈ എന്നിവിടങ്ങളിലെ ബിരുദ കോഴ്‌സുകളായ ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി ( BPT) , ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ( BOT), ബാച്ചിലര്‍ ഇൻ പ്രോസ്തറ്റിക്സ് ആന്റ് ഓര്‍ത്തോട്ടിക്‌സ് (BPO) പ്രോഗ്രാമുകളുടെ പ്രവേശനം കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CET) വഴിയാണ് (www.niohkol.nic.in).
മൈസൂരിലെ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ (RIE) യിൽ ഇന്റഗ്രേറ്റഡ് ബി.എസ്.സി- ബി.എഡ് കോഴ്‌സുകള്‍, ഇൻ്റഗ്രേറ്റഡ് എം.എസ് സി - എഡ് കോഴ്സുകൾ (cee.ncert.gov.in), മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള ഇൻ്റഗ്രേറ്റഡ് എം.എസ് സി പ്രോഗ്രാമുകൾ (www.cat.mgu.ac.in) , കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ വിവിധ ഇൻ്റഗ്രേറ്റഡ് എം.എസ് സി പ്രോഗ്രാമുകൾ ( admission.uoc.ac.in), , നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി(NIFT) യിലെ ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി പ്രോഗ്രാം (www.nift.ac.in), ജബൽപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ ആൻ്റ് മാനുഫാക്ചറിംഗ് (IIITDM ) , ഐ.ഐ.ടി ഗുവാഹത്തി എന്നീ സ്ഥാപനങ്ങളിലെ ബി. ഡിസൈൻ കോഴ്സുകൾ ,നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്സുകൾ (nrti.in) തുടങ്ങിയവക്ക് വിവിധ പ്രവേശന പരീക്ഷകള്‍ വഴി പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്ക് അഡ്മിഷന്‍ നേടാവുന്നതാണ്. കൂടാതെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (vit.ac.in) , എസ്.ആര്‍.എം യൂനിവേഴ്‌സിറ്റി (www.srmist.edu.in) , അമൃത വിശ്വ വിദ്യാ പീഢം (amrita.edu) , മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ (manipal.edu), ലവ്‌ലി പ്രൊഫഷണല്‍ യൂനിവേഴ്‌സിറ്റി (lpu.in) തുടങ്ങിയ പ്രശസ്ത സ്വകാര്യ സ്ഥാപനങ്ങളും വിവിധ പ്രവേശന പരീക്ഷകള്‍ വഴി നിരവധി സയന്‍സ് കോഴ്‌സുകള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്. പ്ലസ്ടുവിന് ശേഷം വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന SAT,ACT,IELTS,TOEFL തുടങ്ങിയ പരീക്ഷകള്‍ക്ക് തയ്യാറെടുക്കേണ്ടതാണ്.
✍️പി.കെ.അൻവർ മുട്ടാഞ്ചേരി
0 Comments