രണ്ട് ലക്ഷത്തോളം തൊഴില്‍ അവസരങ്ങളുമായി ഓസ്‌ട്രേലിയ; തൊഴില്‍, പഠനം, വിസ കൂടുതല്‍ അറിയാം

 രണ്ട് ലക്ഷത്തോളം തൊഴില്‍ അവസരങ്ങളുമായി ഓസ്‌ട്രേലിയ; തൊഴില്‍, പഠനം, വിസ കൂടുതല്‍ അറിയാം


കേരളത്തിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് തൊഴിലിനും സ്ഥിരതാമസത്തിനുമായി കുടിയേറുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. വിദേശജീവിതം കൊതിക്കുന്ന മലയാളികളുടെ ലക്ഷ്യപ്പട്ടികയിൽ ഏറ്റവും മുന്നിലാണ് കംഗാരുനാടിന്റെ സ്ഥാനം. ജൂൺ 30ന് അവസാനിക്കുന്ന ഈ സാമ്പത്തികവർഷം ഓസ്ട്രേലിയയ്ക്ക് 195000 തസ്തികകളാണ് നികത്താനുള്ളത്. ഇതിലേക്ക് ഒരു ഇൻവിറ്റേഷൻ പ്രോസസ് വഴിയാണ് ഓസ്ട്രേലിയ പെർമനന്റ് റസിഡൻസി(പി.ആർ) അനുവദിക്കുന്നത്.


സ്കിൽഡ് മൈഗ്രേഷൻ


ഓസ്ട്രേലിയൻ പെർമനന്റ് റസിഡൻസിക്ക് അപേക്ഷിക്കാൻ പല മാർഗങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം സ്കിൽഡ് മൈഗ്രേഷനാണ്. ഓസ്ട്രേലിയയ്ക്ക് ആവശ്യമുള്ള തൊഴിലുകളിൽ നിങ്ങൾക്ക് നൈപുണ്യമുണ്ടെങ്കിൽ സ്കിൽഡ് മൈഗ്രേഷൻ ഉപയോഗപ്പെടുത്താം. ഇതുപ്രകാരം ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് അവരുടെ ജോലി ഓസ്ട്രേല്ിയയിലെ തൊഴിൽനൈപുണ്യപ്പട്ടികയിൽ (സ്കിൽഡ് ഒക്യുപേഷൻ ലിസ്റ്റ്) ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. ഓസ്ട്രേലിയയിൽ ആളെക്കിട്ടാനില്ലാത്ത തൊഴിലുകളിലേക്ക് മാത്രമാണ് അവർ സ്കിൽഡ് മൈഗ്രൈഷനിൽ പി.ആറിന് അപേക്ഷിക്കാനുള്ള അവസരം നൽകുന്നത്.


ഓസ്ട്രേലിയയിലെ പ്രധാന ഭാഷ ഇംഗ്ലീഷായതിനാൽ അതുപയോഗിച്ചുള്ള ആശയവിനിമയ പ്രാവീണ്യം പ്രധാനമാണ്.

 🌐ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് ഐ.ഇ.എൽ.ടി.എസിലെ റീഡിങ്, റൈറ്റിങ്, ലിസണിങ്, സ്പീക്കിങ് എന്നീ നാലുബാൻഡുകളിൽ ഓരോന്നിലും വേണ്ട സ്കോർ 10-ൽ ആറ് ആണ്. പി.ടി.ഇയിലാണെങ്കിൽ 100-ൽ അമ്പത്. ഒ.ഇ.ടിയിലാണെങ്കിൽ ബി ആണ് യോഗ്യത. ബ്രിട്ടൻ,യു.എസ്.എ,കാനഡ തുടങ്ങി ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ പാസ്പോർട്ടാണെങ്കിൽ ഇംഗ്ലീഷ് ഭാഷാപരീക്ഷ ആവശ്യമില്ല. സ്കിൽഡ് മൈഗ്രേഷൻ,സ്റ്റുഡന്റ് വിസ,എംപ്ലോയർ സ്പോൺസേഡ് വിസ തുടങ്ങി ഏതുതരത്തിലുള്ള അപേക്ഷകരും ഇംഗ്ലീഷിൽ അടിസ്ഥാനയോഗ്യതയുള്ളവരായിരിക്കണം എന്നത് നിർബന്ധമാണ്.


ആറ് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളുമാണ് ഓസ്ട്രേലിയയിലുള്ളത്.സ്കിൽഡ് ഒക്യുപ്പേഷനിൽ ഓസ്ട്രേലിയയിൽ എത്തിക്കഴിഞ്ഞാൽ സ്വന്തം യോഗ്യതയനുസരിച്ച് ഇതിൽ എങ്ങോട്ടുവേണമെങ്കിലും കുടിയേറാം. സ്കിൽഡ് മൈഗ്രേഷൻ വഴി നേരിട്ട് പി.ആറിനാണ് അപേക്ഷിക്കുന്നതെങ്കിൽ ബാങ്ക് ബാലൻസ് കാണിക്കേണ്ട ആവശ്യമില്ല. ഓസ്ട്രേലിയയിൽ ഈവർഷം തൊഴിലധിഷ്ഠിത പെർമനന്റ് റസിഡൻസിക്കുള്ള അവസരങ്ങൾ വളരെയധികമാണ്. പ്രൊഫഷണൽ കാറ്റഗറിയിൽ പെടുന്ന ഐ.ടി.പ്രൊഫഷണൽസ്, എൻജിനീയർമാർ, യൂണിവേഴ്സിറ്റി ലക്ചർമാർ, ടീച്ചർമാർ, മാർക്കറ്റിങ് സ്പെഷലിസ്റ്റുകൾ, ഹ്യൂമൻ റിസോഴ്സസ് അഡൈ്വസർമാർ അങ്ങനെ ഓസ്ട്രേലിയയ്ക്ക് ആവശ്യമുള്ളവരുടെ നീണ്ടനിരതന്നെയുണ്ട്. ഓസ്ട്രേലിയയ്ക്ക് പുറത്തുനിന്നുള്ള അപേക്ഷകരെയും പരിഗണിക്കും. പക്ഷേ അതിന് യോഗ്യതാമാനദണ്ഡങ്ങളുണ്ട്.


ഇതിൽ പ്രധാനം വയസ്സ് ആണ്. 45 വയസ്സിൽ കൂടുതലുള്ളവർക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാനാകില്ല. മാത്രവുമല്ല ഇതൊരു പോയന്റ് അധിഷ്ഠിത തിരഞ്ഞെടുപ്പുമാണ്. 65 പോയന്റ് നേടിയവർക്കാണ് പി.ആറിനായി അപേക്ഷിക്കാനുള്ള അവസരങ്ങൾ. ബിരുദമാണ് അടിസ്ഥാനയോഗ്യത.

ട്രേഡ് പ്രൊഫഷണലുകളുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന കൽപ്പണിക്കാർ, മരപ്പണിക്കാർ, പ്ലംബർമാർ, വെൽഡർമാർ, ഇലക്ട്രീഷ്യൻമാർ തുടങ്ങിയവർക്ക് ധാരാളം അവസരങ്ങളുണ്ട്. ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവർത്തിപരിചയവുമാണ് അടിസ്ഥാനയോഗ്യത. ഇംഗ്ലീഷിൽ പ്രാവീണ്യവും വേണം. ഈ കോഴ്സുകൾ ഓസ്ട്രേലയിൽ പഠിക്കുന്നവർക്ക് ജോബ് റെഡി പ്രോഗ്രാമിലൂടെ പി.ആറിന് അപേക്ഷിക്കാം.


സ്റ്റുഡന്റ് വിസ


കുടിയേറ്റം ഓസ്ട്രേലിയയുടെ പ്രധാന സാമ്പത്തികസ്രോതസ്സാണ്. രാജ്യത്തിന്റെ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നവയിൽ രണ്ടാംസ്ഥാനം വിദേശവിദ്യാർഥികൾക്കാണ്. ഇവിടത്തെ വിദ്യാഭ്യാസം ലോകനിലവാരത്തിലുള്ളതായതിനാൽ വിവിധരാജ്യങ്ങളിൽ നിന്നായി ധാരാളം പേർ ഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്നു. ഇന്ത്യയിൽനിന്നുള്ളവരും ഒരുപാടുണ്ട്. സ്റ്റുഡന്റ് വിസയിൽ ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ബാങ്ക് ബാലൻസ് ആണ്. ഓസ്ട്രേലിയയിലേക്ക് പഠിക്കാൻ വരുന്ന ഒരു വിദ്യാർഥിക്ക് നിശ്ചിത തുക ബാങ്ക് ബാലൻസ് വേണമെന്ന നിബന്ധന വിസഅപേക്ഷയിലുണ്ട്. 22000 ഓസ്ട്രേലിയൻ ഡോളർ (11ലക്ഷം രൂപ) ആണ് ഇവിടത്തെ ജീവിതച്ചെലവിനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക. ഇതിനൊപ്പം ഒരുവർഷത്തെ കോഴ്സ് ഫീയും യാത്രാച്ചെലവും ഉൾപ്പെടെയുള്ള തുകയാണ് ബാങ്ക് ബാലൻസ് ആയി കാണിക്കേണ്ടത്. പഠനകാലത്തെ ജീവിതച്ചെലവുകൾ താങ്ങാനുള്ള ശേഷി വിദ്യാർഥിക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ നിബന്ധന. സ്റ്റുഡന്റ് വിസയിൽ വരുന്നവർ കുടുംബവുമായാണ് വരുന്നതെങ്കിൽ പങ്കാളിയുടെയും കുട്ടികളുടെയും ജീവിതച്ചെലവുകളും ബാങ്ക് ബാലൻസിൽ ഉൾപ്പെടുത്തി കാണിക്കേണ്ടിവരും. ബാങ്ക് ഡെപ്പോസിറ്റിന് പുറമേ വിദ്യാഭ്യാസ വായ്പയും ബാങ്ക് ബാലൻസായി കാണിക്കാവുന്നതാണ്. പങ്കാളിക്ക് ജോലിയുണ്ടെങ്കിൽ അതിന്റെ വരുമാനം നിശ്ചിതപരിധിക്കുള്ളിലാണെങ്കിൽ അതും പരിഗണിക്കും. മറ്റുതരത്തിലുള്ള നിക്ഷേപങ്ങൾ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ കണക്കിലെടുക്കില്ല.


സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് തിരഞ്ഞെടുക്കുന്ന കോഴ്സിനെക്കുറിച്ച് കൃത്യമായ ധാരണവേണം. ഇംഗ്ലീഷ് പ്രാവീണ്യവും ഉറപ്പുവരുത്തണം. സ്റ്റുഡന്റ് വിസയിൽ ഓസ്ട്രേലിയയിൽ വന്ന് രണ്ടുവർഷം പഠിച്ചിറങ്ങുന്നവർക്ക് ആറുവർഷത്തേക്കുള്ള സ്റ്റേബാക്ക് വിസ കിട്ടും. ആ സമയത്ത് സ്കിൽഡ് മൈഗ്രേഷൻ വഴി പി.ആറിന് അപേക്ഷിക്കാം.


ഗ്ലോബൽ ഇൻഡിപെൻഡന്റ് ടാലന്റ് വിസ


ഓസ്ട്രേലിയയുടെ ടാർഗറ്റ് സെക്ടറുകളിൽ പെടുന്ന ഉയർന്ന പ്രവൃത്തിപരിചയമുള്ളവർക്കുള്ളതാണിത്. ഡിജിറ്റൽ, ആരോഗ്യം, ഫിൻടെക് തുടങ്ങി പത്തെണ്ണമാണ് ഇവിടത്തെ ടാർഗറ്റ് സെക്ടറുകൾ. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന തൊഴിൽമേഖലകളാണിവ. ഇതിൽ ഏതെങ്കിലും ഒന്നിൽ അന്താരാഷ്ട്രനേട്ടങ്ങളുള്ളവർക്ക് ഗ്ലോബൽ ഇൻഡിപെൻഡന്റ് ടാലന്റ് വിസയ്ക്ക് അപേക്ഷിക്കാം. ഓസ്ട്രേലിയൻ പൗരനോ പെർമന്റ് റസിഡന്റോ ആയവർ നോമിനേറ്റ് ചെയ്യുകയും വേണം. ഓസ്ട്രേലിയയിലെ സ്ഥാപനങ്ങളുടെ നോമിനേഷനും പരിഗണിക്കും. പ്രായപരിധിയും ഇംഗ്ലീഷ് പ്രാവീണ്യവും ബാധകമല്ല എന്നതാണ് ഈ വിസയുടെ പ്രത്യേകത.


ബിസിനസ് വിസ


നിക്ഷേപകർക്കും ഓസട്രേലിയയിൽ പി.ആറിന് അപേക്ഷിക്കാം. പ്രായപരിധി 55വയസ്സാണ്. ഏതെങ്കിലും ബിസിനസ് സ്വന്തമായുണ്ടായിരിക്കണം. രണ്ടുവർഷത്തേക്ക് 750000 ഓസ്ട്രേലിയൻ ഡോളർ ടേണോവർ വേണം. ഓസ്ട്രേലിയയിലെ ഒരു തൊഴിലുടമ സ്പോൺസർ ചെയ്യാൻ തയ്യാറാണെങ്കിൽ എംപ്ലോയർ സ്പോൺസേഡ് വിസയിലൂടെ പി.ആറിന് അപേക്ഷിക്കാം.


കുടിയേറ്റനിയമങ്ങൾ


ഓസ്ട്രേലിയയിലെ കുടിയേറ്റനിയമങ്ങൾ 1958-ലെ മൈഗ്രേഷൻ ആക്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വിവിധ വിസകൾക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ ഇതിൽ പറയുന്നുണ്ട്. പക്ഷേ ഈ ആക്ടിൽ ഒരുപാട് ഭേദഗതികൾ ഓസ്ട്രേലിയ വരുത്തുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തികപുരോഗതിക്ക് പ്രയോജനകരമാം വിധത്തിൽതാഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി എല്ലാവർഷവും ഈ നിയമങ്ങളിലും യോഗ്യതാമാനദണ്ഡങ്ങളിലും വ്യത്യാസം വരുത്തുന്നു.


ഓസ്ട്രേലിയയിലെ ആഭ്യന്തരവകുപ്പ് തന്നെയാണ് കുടിയേറ്റക്കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. തൊഴിൽനൈപുണ്യപ്പട്ടിക തയ്യാറാക്കുന്നത് ഇവരാണ്. ഇതിൽ എല്ലാവർഷവും മാറ്റംവരും. ഇതുകൂടാതെ ഓരോ സംസ്ഥാനത്തിനും പ്രത്യേകപട്ടികയുണ്ടാകും. എന്തിനാണ് ഓസ്ട്രേലിയയിലേക്ക് വരുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് ആഭ്യന്തരവകുപ്പിനാണ് വിസയ്ക്കായി അപേക്ഷ നൽകേണ്ടത്. അപേക്ഷിക്കുന്നയാൾ എല്ലാമാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് നിയമപരമായ സാക്ഷ്യപ്പെടുത്തലും ഇതോടൊപ്പം സമർപ്പിക്കണം.


വിസതട്ടിപ്പുകൾ സൂക്ഷിക്കുക


തൊഴിലവസരം വാഗ്ദാനം ചെയ്ത് എംപ്ലോയർ സ്പോൺസേഡ് വിസയിലുള്ള തട്ടിപ്പാണ് ഏറ്റവും കൂടുതൽ. ജോലികിട്ടണമെങ്കിൽ നിശ്ചിതതുക കൂടി അടയ്ക്കണം എന്ന് പറഞ്ഞുവരുന്നവരെ സൂക്ഷിക്കുക. അത് നേരായമാർഗത്തിലുള്ളതല്ല. ഓസ്ട്രേലിയയിലെ കുടിയേറ്റനിയമപ്രകാരം തൊഴിലുടമയ്ക്ക് താൻ സ്പോൺസർ ചെയ്യുന്നയാളിൽ നിന്ന് പണംവാങ്ങാനുള്ള അധികാരമില്ല. ഓസ്ട്രേലിയയിൽ നിന്നൊരു തൊഴിലവസരം വാഗ്ദാനം ചെയ്യപ്പെടുകയാണെങ്കിൽ ആദ്യം ചോദിക്കേണ്ടത് ഏത് സബ്ക്ലാസിനാണ് (ഏത് വിസയ്ക്കാണ്) ജോലി കിട്ടുന്നതെന്നാണ്. ഈ വിസ പ്രകാരം ജോലി തരാനുള്ള ലൈസൻസ് സ്പോൺസർക്കുണ്ടെങ്കിൽ അതിന്റെ പകർപ്പും ആവശ്യപ്പെടാം. ശരിയായ തൊഴിൽക്കരാറും മിനിമം വേതനവും ഉറപ്പുവരുത്തണം. 53900 ഓസ്ട്രേലിയൻ ഡോളർ ആണ് മിനിമം വേതനം. സൂപ്പർ ആനുവേഷനും ശ്രദ്ധിക്കണം. ഇതെല്ലാം കൃത്യമാണെങ്കിലും അങ്ങോട്ട് പൈസ കൊടുത്ത് തൊഴിൽ നേടുന്നത് ഓസ്ട്രേലിയൻ കുടിയേറ്റ നിയമപ്രകാരം വിസ അസാധുവാക്കപ്പെടാൻ കാരണമായേക്കാം. ആജീവനാന്തവിലക്കുപോലും ഉണ്ടായേക്കാം.

Post a Comment

0 Comments