ജോസ അലോട്ട്മെൻ്റ് - സംശയങ്ങൾക്ക് മറുപടി.



ജോയൻ്റ് സീറ്റ് അലോക്കേഷൻ 

അതോറിറ്റി (ജോസ) വഴി രാജ്യത്തെ വിവിധ സാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള

സീറ്റ് അലോക്കേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.ജൂലൈ 31 വരെയായി ആറ് റൗണ്ടുകളിലായിട്ടാണ് പ്രവേശനം നടക്കുന്നത് .

പ്രവേശന നടപടികളെക്കുറിച്ച് വിദ്യാർഥികളുടെ വിവിധ സംശയങ്ങൾക്കുള്ള മറുപടിയാണിവിടെ.


ജോസ രജിസ്ട്രേഷന് ഫീസ് അടക്കണമോ ?


വേണ്ട .

രജിസ്ട്രേഷന് പ്രത്യേകം ഫീസില്ല. 

അലോട്ട്മെൻറ് ലഭിച്ചുകഴിഞ്ഞാൽ 'സീറ്റ് അക്സപ്റ്റൻസ് ഫീ' അടച്ചാൽ മതി. 40000 രൂപയാണ് ഫീസ്. പട്ടിക /ഭിന്ന ശേഷി വിഭാഗക്കാർക്ക് 20000 രൂപ.



ജോസ അലോട്ട്മെൻ്റ് വഴി പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങളും കോഴ്സുകളും ഏതെല്ലാമാണ് ?



നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 

(എൻ.ഐ.ടി - 31 എണ്ണം), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി ഷിബ് പൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (26 എണ്ണം),

ഗവൺമെൻറ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (ജി.എഫ്.ടി.ഐ- 38 എണ്ണം),

ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്കടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന 23 ഐ.ഐ.ടികളടക്കം 

119 സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം. ബി.ടെക്, ബി.ഇ, ബി.ആർക് , ബി. പ്ലാനിംഗ് , 5 വർഷ എം.ടെക്/എം.എസ്.സി, 4 വർഷ ബി.എസ് തുടങ്ങിയവയാണ് പ്രോഗ്രാമുകൾ.



ജോസ അലോട്ട്മെൻ്റിൽ എത്ര റൗണ്ടുകളുണ്ട് ?സ്വീകരിച്ച സീറ്റുകൾ വേണ്ടെന്ന് വെക്കാൻ സാധിക്കുമോ .?


ജോസ വഴി ആറ് റൗണ്ട് അലോട്ട്മെൻറ് കളാണുള്ളത്.

ഓരോ റൗണ്ടിലെയും ഫല പ്രഖ്യാപനത്തിനുശേഷം അലോക്കേഷൻ ലഭിക്കുന്നവർ ഓൺലൈൻ റിപ്പോർട്ടിംഗ്, ഫീസ് അടയ്ക്കൽ, ഡോക്യുമെൻ്റ്സ് അപ് ലോഡിങ് എന്നിവ നടത്തണം. ഐ.ഐ.ടി സീറ്റ് സ്വീകരിച്ചവർക്ക് 

രണ്ടു മുതൽ അഞ്ചു വരെ റൗണ്ടുകളിൽ 

അത് വേണ്ടെന്ന് വെക്കാം . എൻ.ഐ.ടി പ്ലസ് വിഭാഗത്തിൽ (എൻ.ഐ.ടി, ഐ.ഐ.ഐ.ടി, ജി.എഫ്. ടി. ഐ എന്നിവ)

 ആറാം റൗണ്ടിലും സീറ്റ് വേണ്ടെന്ന് വെക്കാം .



ഐ.ഐ.ടി പ്രവേശനത്തിന് ഹോം സ്റ്റേറ്റ് (HS) ക്വോട്ടയുണ്ടോ ?


ഇല്ല . എൻ.ഐ.ടി പ്രവേശനത്തിനാണ് ഹോം സ്റ്റേറ്റ് (HS) ക്വോട്ടയുള്ളത് .സ്ഥാപനം നിലനിൽക്കുന്ന സംസ്ഥാനത്തെ കുട്ടികൾക്ക് 50 ശതമാനം സീറ്റുകൾ നീക്കി വെക്കുന്ന രീതിയാണിത് . ബാക്കി 50 ശതമാനം സീറ്റുകൾ മറ്റു സംസ്ഥാനക്കാർക്ക് അനുവദിക്കും (അദർ സ്റ്റേറ്റ് ക്വോട്ട - OS) . ചില ജി.എഫ്. ടി.ഐകളിലും ഹോം സ്റ്റേറ്റ് ക്വോട്ടയുണ്ട്.




ജോസ വഴി പ്രവേശനം ലഭിക്കുന്ന കേരളത്തിലെ സ്ഥാപനങ്ങൾ ഏതെല്ലാമാണ് ?


 ഐ.ഐ.ടി പാലക്കാട്, എൻ.ഐ.ടി കോഴിക്കോട് , 

ഐ.ഐ.ഐ.ടി കോട്ടയം എന്നീ സ്ഥാപനങ്ങൾ .



 ഫ്രീസ്,ഫ്ലോട്ട്,സ്ലൈഡ് എന്നിവ തമ്മിലുള്ള വ്യത്യാസം വിശദമാക്കാമോ ?



ജോസ കൗൺസലിംഗിൽ ഓരോ റൗണ്ട് അലോക്കേഷനുശേഷവും അവശേഷിക്കുന്ന ചോയ്‌സുകൾ എങ്ങനെ പരിഗണിക്കണമെന്ന് അപേക്ഷാർഥി ഓൺലൈനായി അറിയിക്കണം.

ഏതെങ്കിലും ഒരു റൗണ്ടിൽ സീറ്റ് സ്വീകരിച്ചവർ അടുത്ത റൗണ്ടിലേക്ക് ഫ്രീസ്, ഫ്ളോട്ട്,സ്ലൈഡ് എന്നിവയിലൊന്ന് തിരഞ്ഞെടുക്കണം. കിട്ടിയ സീറ്റിൽ പൂർണ്ണ സംതൃപ്തിയുള്ളവർക്ക് ഫ്രീസ് ഒപ്ഷൻ തിരഞ്ഞെടുക്കാം.. പിന്നീട് യാതൊരു മാറ്റവും സാധ്യമല്ല. അവശേഷിക്കുന്ന എല്ലാ ചോയ്സുകളും തുടർറൗണ്ടുകളിൽ പരിഗണിക്കപ്പെടേണ്ടവർ 'ഫ്ലോട്ട്' ഓപ്ഷനാണ് നൽകേണ്ടത്. 

അലോട്മെന്റ് ലഭിച്ച സ്ഥാപനത്തിലെ മറ്റു പ്രോഗ്രാമുകളിലേക്ക് മാത്രം മാറ്റം ആഗ്രഹിക്കുന്നവർ സ്ലൈഡ് ഓപ്ഷൻ തിരഞ്ഞെടുക്കണം.


ജോസയുടെ മുൻവർഷങ്ങളിലെ അലോട്ട്മെൻറ് വിശദാംശങ്ങൾ അറിയാൻ സാധിക്കുമോ.?


 തീർച്ചയായും സാധിക്കും. josaa.admissions.nic.in എന്ന വെബ്സൈറ്റിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ ഓരോ റൗണ്ടിലെയും അലോട്ട്മെൻറ് വിവരങ്ങൾ നൽകിയിട്ടുണ്ട്.



'ഡാസ' സ്കീം എന്താണ് ? ജോസ വഴിയാണോ പ്രവേശനം ? ഇന്ത്യയിൽ പ്ലസ്ടു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കീം വഴി പ്രവേശനം ലഭിക്കുമോ ?



വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ, വിദേശ പൗരന്മാർ, എൻ.ആർ.ഐ, പി.ഐ.ഒ, ഒ.സി.ഐ വിഭാഗങ്ങളിൽപെട്ട വിദ്യാഥികൾക്ക് രാജ്യത്തെ മികവുറ്റ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടർ പഠനത്തിന് അവസരമൊരുക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ പദ്ധതിയാണ് 'ഡാസ' (DASA-Direct Admission of Students Abroad) സ്കീം . എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ,

ജി.എഫ്.ടി.ഐകൾ , എസ്.പി.എകൾ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളിലാണ് പ്രവേശനം ലഭിക്കുക. കേരളത്തിൽ കോഴിക്കോട് എൻ.ഐ.ടിയിലും കോട്ടയം ഐ.ഐ.ഐ.ടിയിലും 'ഡാസ'വഴി സീറ്റുകളുണ്ട്. 

യു.എ.ഇ,സൗദി അറേബ്യ,ഖത്തർ, ഒമാൻ,കുവൈത്ത്,ബഹ്റൈൻ,ഇറാഖ്,ഇറാൻ 

എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സി.ഐ.ഡബ്ല്യു.ജി 

( CIWG-Children of Indian Workers in Gulf Countries) സ്കീം വഴിയാണ് പ്രവേശനം . ഇത് ജോസ അലോട്ട്മെൻ്റിൻ്റെ ഭാഗമല്ല. dasanit.org എന്ന വെബ് സൈറ്റ് വഴി പ്രത്യേകം അപേക്ഷിക്കണം. ജൂൺ 22 നകം അപേക്ഷ നൽകണം.

ഇന്ത്യയിൽ പ്ലസ്ടു പഠിക്കുന്ന വിദ്യാർഥികൾക്ക് 'ഡാ സ' സ്കീം വഴി പ്രവേശനം ലഭിക്കുകയില്ല.കാരണം 

പ്ലസ് ടു വരെയുള്ള പഠന ത്തിൻ്റെ അവസാന എട്ടു വർഷത്തിനിടെ രണ്ടു വർഷമെങ്കിലും വിദേശത്ത് പഠിക്കുകയും പ്ലസ് ടു പരീക്ഷ വിദേശത്ത് നിന്ന് വിജയിക്കുകയും ചെയ്യണമെന്ന് നിബന്ധനയുണ്ട്.



സിസാബ് (CSAB) അലോട്ട്മെൻ്റ് ജോസയുടെ ഭാഗമാണോ ?


അല്ല. ജോസയുടെ ആറ് റൗണ്ട് അലോട്ട്മെൻറ് പൂർത്തിയായ ശേഷം ബാക്കിയുള്ള എൻ.ഐ.ടി പ്ലസ് കാറ്റഗറി സീറ്റുകളിലേക്കുള്ള പ്രത്യേക അലാട്ട്മെൻ്റാണ് സെൻട്രൽ സീററ് അലോക്കേഷൻ ബോർഡ് (സിസാബ്) നടത്തുന്നത്. രണ്ട് റൗണ്ടുകളാണുള്ളത്. പ്രത്യേകം രജിസ്റ്റർ ചെയ്ത് ചോയ്സ് ഫില്ലിംഗ് നടത്തണം. വെബ് സൈറ്റ് : csab.nic.in


 

📝പി.കെ അൻവർ മുട്ടാഞ്ചേരി.

Post a Comment

0 Comments