ബിരുദാനന്തര പഠനത്തിനായ് യൂറോപ്പിലേക്ക് പറക്കാം; ഇറാസ്മസ് മുണ്ടസ് ജോയന്റ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിനെ അറിഞ്ഞാലോ

 


ഈയടുത്ത കാലത്തായി നമ്മൾ പത്രങ്ങളിൽ കാണുന്ന വാർത്തകളാണ് മലയാളികൾക്ക് ഇറാസ്മസ് മുണ്ടസ് കോഴ്‌സുകൾക്ക് പ്രവേശനം ലഭിച്ചു എന്നും സ്‌കോളർഷിപ്പുകൾ ലഭിച്ചു എന്നും, എന്താണീ ഇറാസ്മസ് മുണ്ടസ് പദ്ധതികൾ എന്നതിനെ വിശദമായി അറിയാം 


സാധാരണ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ നിന്ന് വ്യത്യസ്തമായി മൂന്നോ അതിലധികമോ സർവകലാശാലകൾ ഭാഗമായ കൺസോർഷ്യങ്ങൾ നടത്തുന്ന ജോയിന്റ് മാസ്റ്റേഴ്സ് കോഴ്‌സുകളാണ് ഇറാസ്മസ് ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ഇൻഫർമേഷൻ ടെക്‌നോളജി, നിയമപഠനം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 193 കോഴ്‌സുകൾ ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർഥികളെ യൂറോപ്പിലേക്ക് ആകർഷിക്കാൻ ആരംഭിച്ച ഈ പദ്ധതിക്ക് യൂറോപ്യൻ യൂണിയനാണ് സാമ്പത്തിക സഹായം ചെയ്യുന്നത്.

നാല് സെമസ്റ്റർ ദൈർഘ്യമുള്ള ഈ കോഴ്സുകളിൽ വിദ്യാർഥികൾക്ക് കൺസോർഷ്യത്തിന്റെ ഭാഗമായ വിവിധ രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠനം നടത്താനുള്ള അവസരമാണ് ലഭിക്കുക. പ്രോഗ്രാമിന്റെ ഘടനയനുസരിച്ച് സെമസ്റ്റർ അടിസ്ഥാനത്തിലോ വാർഷികാടിസ്ഥാനത്തിലോ കൺസോർഷ്യത്തിന്റെ ഭാഗമായ രണ്ട് മുതൽ നാല് വരെ രാജ്യങ്ങൾ വിദ്യാർഥികൾക്ക് തെരെഞ്ഞെടുക്കാനാവും.


🔖ഇറാസ്മസ് കോഴ്സ് കാറ്റലോഗ്


മുഴുവൻ കോഴ്‌സുകളുടെയും വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച കാറ്റലോഗ്👇

 https://www.eacea.ec.europa.eu/scholarships/erasmus-mundus-catalogue_en എന്ന ലിങ്ക് വഴി സന്ദർശിക്കാവുന്നതാണ്. വിദ്യാർഥികളുടെ താല്പര്യത്തിനനുസരിച്ച് കോഴ്‌സുകൾ സെർച്ച് ചെയ്യാൻ സൗകര്യമുണ്ട്. ഈ കാറ്റലോഗ് പരിശോധിച്ച് അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകൾ തെരഞ്ഞെടുക്കുക എന്നതാണ് ആദ്യ സ്റ്റെപ്പ്. കാറ്റലോഗിൽ നൽകിയിട്ടുള്ള ലിങ്ക് വഴി അതാത് പ്രോഗ്രാമുകളുടെ വെബ്‌സൈറ്റിലേക്ക് ചെന്നുകഴിഞ്ഞാൽ അപേക്ഷ തീയതി, സിലബസ്, പ്രോഗ്രാമിന്റെ ഭാഗമായ രാജ്യങ്ങൾ തുടങ്ങി കോഴ്‌സിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കും.


🎓യോഗ്യത, രേഖകൾ, അപേക്ഷ സമർപ്പണം


മിക്ക കോഴ്‌സുകൾക്കും ബിരുദമാണ് അടിസ്ഥാന യോഗ്യതയെങ്കിലും ജോലി പരിചയം ആവശ്യമുള്ള കോഴ്‌സുകളുമുണ്ട്. യോഗ്യതയും താല്പര്യവുമനുസരിച്ച് എത്ര കോഴ്‌സുകൾക്ക് വേണമെങ്കിലും വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 


അപേക്ഷ സമർപ്പണം പൂർണ്ണമായും സൗജന്യമാണ്. പൂർണമായും ഓൺലൈൻ വഴി അതാത് പ്രോഗ്രാമുകളുടെ വെബ്സൈറ് വഴി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

കോഴ്‌സിനും സ്‌കോളർഷിപ്പിനും ഒറ്റ അപേക്ഷ നൽകിയാൽ മതി. 

സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് (എസ്.ഒ.പി), സി.വി, അക്കാദമിക് സർട്ടിഫിക്കറ്റുകൾ, ഭാഷ പരിജ്ഞാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് പ്രധാനമായും അപേക്ഷിക്കാൻ ആവശ്യമായിട്ടുള്ളത്.

 നിങ്ങളുടെ അക്കാദമിക്-പ്രഫഷണൽ പശ്ചാത്തലവും, അതിലൂടെ നിങ്ങൾ ആർജ്ജിച്ചെടുത്ത കഴിവുകളും, അപേക്ഷിക്കുന്ന കോഴ്‌സിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളും, നിങ്ങളുടെ കരിയർ അഭിലാഷങ്ങളും മറ്റും പ്രതിപാദിച്ച് നിങ്ങൾ എഴുതേണ്ട കുറിപ്പാണ് സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് (എസ്.ഒ.പി). 

നിങ്ങളുടെ അക്കാദമിക്-പ്രഫഷണൽ കഴിവുകളെ കുറിച്ച് നിങ്ങളുമായി അടുത്ത് പ്രവർത്തിച്ച പ്രഫസർ അല്ലെങ്കിൽ സൂപ്പർവൈസർ എന്നിവർ എഴുതുന്നതാണ് റഫറൻസ് ലെറ്റർ.

 ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയങ്ങളിലാണ് സാധാരണ രീതിയിൽ അപേക്ഷ സമയം. സെപ്റ്റംബർ മാസത്തിലാണ് സാധാരണ രീതിയിൽ പുതിയ ബാച്ച് ക്ളാസുകൾ ആരംഭിക്കുക.


🔖ഇറാസ്മസ് കിട്ടാൻ ഐ.ഇ.എൽ.ടി.എസ് നിർബന്ധമോ ?


വിദേശ പഠനം ആഗ്രഹിക്കുന്ന പല വിദ്യാർഥികൾക്കും മുന്നിൽ വില്ലനായെത്തുന്ന ഒന്നാണ് ഐ.ഇ.എൽ.ടി.എസ്. ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം പരിശോധിക്കാനുള്ള ഈ ടെസ്റ്റ് ചിലവേറിയതും സമയം ഏറെ ആവശ്യമുള്ളതുമാണ്​. എന്നാൽ ഇംഗ്ലീഷ് മാധ്യമത്തിൽ സർവകലാശാല പഠനം നടത്തിയിട്ടുള്ള വിദ്യാർഥികൾക്ക് ഐ.ഇ.എൽ.ടി.എസ് ഇല്ലാതെ തന്നെ അപേക്ഷിക്കാൻ സാധിക്കുന്ന കോഴ്‌സുകളും ഇറാസ്മസിൽ ലഭ്യമാണ്. ഇന്ത്യയിലെ സർവകലാശാല വിദ്യാഭ്യാസം ഇംഗ്ലീഷിലായത് കൊണ്ട് തന്നെ ഈ ഇളവ് ഇറാസ്മസിനെ സാധാരണക്കാർക്കും പ്രാപ്യമാവുന്ന ഒന്നായി മാറ്റും. നിങ്ങളുടെ ഡിഗ്രി ഇംഗ്ലീഷ് മീഡിയത്തിലുള്ളതാണെന്ന് തെളിയിക്കാൻ സർവകലാശാല അല്ലെങ്കിൽ സ്ഥാപന മേധാവി നൽകുന്ന രേഖ സമർപ്പിക്കുക വഴി ഐ.ഇ.എൽ.ടി.എസ് ടെസ്റ്റിൽ നിന്നും ഇളവ് ലഭിക്കും. പല കോഴ്‌സുകളും ഈ ഇളവ് നൽകുന്നുവെങ്കിലും ഐ.ഇ.എൽ.ടി.എസ് നിർബന്ധമായിട്ടുള്ള കോഴ്‌സുകളാണ് കൂടുതലും. ഭാഷ പരിജ്ഞാനവുമായി ബന്ധപ്പെട്ട യോഗ്യതകൾ അതാത് പ്രോഗ്രാം വെബ്‌സൈറ്റുകൾ സന്ദർശിച്ച് പരിശോധിക്കാവുന്നതാണ്.


🔖തെരെഞ്ഞെടുപ്പ് രീതി


ഓരോ പ്രോഗ്രാമുകളും വ്യത്യസ്ത കൺസോർഷ്യങ്ങളാണ് നടത്തുന്നത്.

യോഗ്യതകൾ നിർണയിക്കുന്നതും തെരഞ്ഞെടുപ്പ് രീതി നിശ്ചയിക്കുന്നതുമൊക്കെ ഈ കൺസോർഷ്യമാണ്. അക്കാദമിക് നേട്ടങ്ങളോടൊപ്പം തന്നെ ബന്ധപ്പെട്ട മേഖലയിൽ നിങ്ങളുടെ നോൺ-അക്കാദമിക് ഇടപഴകലുകലും പ്രധാനമാണ്. ഇതൊക്കെയും നിങ്ങളുടെ സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസിൽ കൃത്യമായി പ്രതിപാദിക്കുകയും വേണം.


അക്കാദമിക് പെർഫോമൻസ്, സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്/ മോട്ടിവേഷൻ ലെറ്റർ, സി.വി, റഫറൻസ് ലെറ്റർ തുടങ്ങിയവയൊക്കെയും പരിശോധിച്ചാണ് ഷോർട്ട്‌ലിസ്റ്റിംഗ് നടത്തുക. 

പ്രോഗ്രാമിന്റെ സ്വഭാവമനുസരിച്ച് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചില കോഴ്‌സുകൾക്ക് ഓൺലൈൻ അഭിമുഖം ഉണ്ടാവും. അപേക്ഷിക്കുന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ട മേഖലയിൽ ഇന്റേൺഷിപ്പ്, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, വിന്റർ/സമ്മർ സ്‌കൂളുകൾ, വർക്ക് ഷോപ്പുകൾ , കോണ്ഫറന്സുകൾ എന്നിവ നിങ്ങളുടെ വിജയ സാധ്യത ഉയർത്തുന്ന പൊതുവായ കാര്യങ്ങളാണ്.


🔖സ്‌കോളർഷിപ്പ്


ബിരുദാനന്തര ബിരുദ പഠനത്തിന് ലോകത്തെ തന്നെ ഏറ്റവും ഉദാരമായ സ്കോളർഷിപ്പാണ് ഇറാസ്മസ് മുണ്ടസ്. കോഴ്സ് ഫീസിൽ പൂർണമായ ഇളവ് നൽകുന്നതിന് പുറമെ പ്രോഗ്രാം കാലയളവിൽ (24 മാസം) നിങ്ങൾക്കുള്ള ഹെൽത്ത് ഇൻഷുറൻസ്, പ്രതിമാസം സ്റ്റൈപ്പന്റ് എന്നിവയുമാണ് ഫുൾ സ്‌കോളർഷിപ്പ് ഹോൾഡർമാർക്ക് ലഭിക്കുക.


വിശദവിവരങ്ങൾക്ക് :👇

  https://erasmus-plus.ec.europa.eu/opportunities/opportunities-for-individuals/students/erasmus-mundus-joint-masters


📝മുജീബുല്ല കെഎം

Post a Comment

0 Comments